പതിറ്റാണ്ട് പൂർത്തിയാക്കുന്ന കണ്ണൂർ സർവ്വകാലശാല വിദ്യാഭ്യാസ രംഗത്ത് കൈവരിച്ചത് മികച്ച നേട്ടങ്ങളാണെന്ന് സർവ്വകലാശാല ചാൻസലർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു.
പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തികരിച്ച വിവിധ പദ്ധതികൾ മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിനാവശ്യമായ പാഠ്യപദ്ധതികൾ ആവിഷ്കരിക്കാൻ സർവ്വകലാശാലകൾ തയ്യാറാകണം. ഗുരുകുല വിദ്യാഭ്യാസത്തിന്റെയും ആധുനിക പാഠ്യപദ്ധതികളുടെയും സമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ. കെ സാജു സ്വാഗതം പറഞ്ഞു. കണ്ണൂർ സർവ്വകലാശാല അതിന്റെ മികച്ച നേട്ടങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാവിലെ ഒൻപതരയോടെ താവക്കരയിലെ സർവ്വകലാശാല ആസ്ഥാനത്തെത്തിയ ചാൻസലർ കേരള ഫോക് ലോർ അക്കാഡമിയുടേ സഹകരണത്തോടെ സ്ഥാപിച്ച ഫോക് ലോർ മ്യൂസിയത്തിൻറെയും, കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻറെ സഹകരണത്തോടെ സ്ഥാപിച്ച കൈത്തറി മ്യൂസിയത്തിൻറെയും ഉദ്ഘാടനം നിർവഹിച്ചു.
തുടർന്നാണ് അദ്ദേഹം മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ എത്തിയത്.
പിഎം ഉഷ പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ സർവ്വകലാശാല സെനറ്റ് ഹാളിൻറെയും സെമിനാർ കോംപ്ലക്സിന്റെയും, ആധുനികവൽകരിച്ച 40 സ്മാർട്ട് ക്ലാസ് റുമുകളുടെയും, സർവ്വകലാശാല സ്റ്റുഡൻറ്സ് അമിനിറ്റി സെൻററിൽ പുതുതായി ആരംഭിക്കുന്ന ഡാറ്റാ സെൻറർ, ഫോറിൻ ലാംഗ്വേജ് സെൻറർ എന്നിവയുടെയും ഡിപ്ലോമ ഇൻ തിയോളജി കോഴ്സിന്റെയും ഉദ്ഘാടനമാണ് അദ്ദേഹം മാങ്ങാട്ടുപറമ്പിൽ നിർവഹിച്ചത്.
മികച്ച എൻ എസ് എസ് യൂണിറ്റുകൾക്കുള്ള പുരസ്‌കാരങ്ങളും ദേശീയ ഗീതത്തിന്റെ നൂറ്റിയമ്പതാം വാർഷികത്തോടെനുബന്ധിച്ച് സർവ്വകലാശാല സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ വിജയികളായവർക്കുള്ള പുരസ്‌കാരങ്ങളും ചാൻസലർ വിതരണം ചെയ്തു.
ഗീതിക യു.കെ എസ് എൻ കോളേജ് കണ്ണൂർ, നിവേദ് കെ കണ്ണൂർ സർവ്വകലാശാല ടീച്ചേർസ് എഡ്യൂക്കേഷൻ സെന്റർ ധർമ്മശാല, പൃഥ്വി പവിത്രൻ ഗവ ബ്രണ്ണൻ കോളേജ് തലശ്ശേരി എന്നിവരാണ് പ്രശ്നോത്തരിയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.
നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്, കെ എം എം ഗവ വുമൺസ് കോളേജ് കണ്ണൂർ, പയ്യന്നൂർ കോളേജ് പയ്യന്നൂർ, ഡബ്ലിയു എം ഓ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് പനമരം, പഴശ്ശിരാജ എൻ എസ് എസ് കോളേജ് മട്ടന്നൂർ എന്നീ കോളേജുകളാണ് മികച്ച എൻ എസ് എസ് യൂണിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടത്. സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ജോബി കെ ജോസ് നന്ദി പറഞ്ഞു.